0 Comments

മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നായികയായിരുന്നു സീമ. 1978ൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് സീമ ചലച്ചിത്രരംഗത്ത് തിളങ്ങുന്നത്. പിന്നീട് നൃത്തശാല, ആവനാഴി, അങ്ങാടി, മഹായാനം, മനുഷ്യമൃഗം, ലിസ, അഹിംസ തുടങ്ങി 200-ൽ പരം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം. ഇന്ന് സീമയുടെ 63ാം ജന്മദിനമാണ്.

1957 മെയ് 22-ന് ചെന്നൈയിലെ പുരുഷവാക്കത്ത് മലയാളിദമ്പതികളായ മാധവൻ നമ്പ്യാരുടെയും വാസന്തിയുടെയും മകളായി ജനനം. ശാന്തകുമാരി നമ്പ്യാർ എന്നായിരുന്നു യഥാർത്ഥ പേര്. ശാന്തി എന്നായിരുന്നു വിളിപ്പേര്. ശാന്തിയുടെ ഏഴാമത്തെ വയസ്സിൽ അച്ഛൻ അമ്മയുമായി പിരിഞ്ഞ് വേറെ വിവാഹം ചെയ്യുകയുണ്ടായി. അമ്മയോടൊപ്പം വളർന്ന ശാന്തി വളരെ ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ചിരുന്നു. ചെന്നൈ പി എൻ ധവാൻ ആദർശ് വിദ്യാലയയിലായിരുന്നു ശാന്തിയുടെ വിദ്യാഭ്യാസ ജീവിതം.

1973-ൽ നിഴലേ നീ സാക്ഷി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചെങ്കിലും ആ സിനിമ റിലീസായിട്ടില്ല. നിഴലേ നീ സാക്ഷിയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോളാണ് പ്രശസ്ത നടൻ വിജയൻ ശാന്തിയ്ക്ക് സീമ എന്നപേര് നൽകിയത്. തുടർന്ന് ചില മലയാളം,തമിഴ് സിനിമകളിൽ ചില ചെറിയവേഷങ്ങൾ ചെയ്യുകയുണ്ടായി.

1984, 85 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സീമയ്ക്ക് കിട്ടിയിട്ടുണ്ട്. മലയാള സിനിമകൾ കൂടാതെ തമിഴ്,തെലുങ്കു,കന്നഡ എന്നീ ഭാഷകളിലും നിരവധി സിനിമകളിൽ സീമ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *